

പ്രിയരേ,
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സാമൂഹ്യ ചൂഷണങ്ങൾക്കുമെതിരെ ആശയ സമരം നടത്തി ജനമനസ്സുകളിൽ പുരോഗമന ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ സാംസ്കാരിക പ്രസ്ഥാനമാണ് കേരള യുക്തിവാദി സംഘം. യുക്തിചിന്തയും ശാസ്ത്രബോധവും വളർത്തിയെടുത്ത് ഭരണഘടനാമൂല്യങ്ങൾ നിലനിർത്താനുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തുവാൻ പൊതുസമൂഹത്തെ സജ്ജമാക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് സംഘം പ്രവർത്തിക്കുന്നത്.
1917 ൽ രൂപീകൃതമായ സഹോദര സംഘമാണ് യുക്തിവാദി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 1967 ൽ ഔദ്യോഗികമായി രൂപീകരിക്കുകയും 1979 ൽ നിയമപ്രകാരം രജിസ്റ്റർ ചെയ്യുകയും ചെയ്ത കേരള യുക്തിവാദി സംഘത്തിൻ്റെ 34-ാം സംസ്ഥാന സമ്മേളനം 2026 ജനുവരി 9, 10, 11 തീയതികളിൽ കൊല്ലത്തു വച്ച് നടക്കുകയാണ്. സമ്മേളന വിജയത്തിനായി വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളേയും, വ്യക്തികളേയും, ജനപ്രതിനിധികളേയും, പൗരപ്രമുഖരേയും ഉൾപ്പെടുത്തി 200 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു.
സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാ സുമനസ്സുകളുടെയും ആത്മാർത്ഥമായ സഹായവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
കേരള യുക്തിവാദി സംഘം